ബസുടമകള്‍ക്ക് ഒരു ഉറപ്പും നല്‍കിയിട്ടില്ല, സമരം അനാവശ്യമായിരുന്നെന്നും ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ ബസുടമകള്‍ക്ക് പ്രത്യേകിച്ച് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച ഗതാഗത മന്ത്രി ബസുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും വ്യക്തമാക്കിയായിരുന്നു ബസുടമകള്‍ സമരം പിന്‍വലിക്കുന്നതായി അറിയിച്ചത്. ബസ് ഉടമകള്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.

ഇതിന് പിന്നാലെയാണ് പ്രത്യേകിച്ച് ഉറപ്പുകള്‍ ഒന്നും ബസുടമകള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി തന്നെ പ്രതികരിച്ചത്. ബസ് ചാര്‍ജ് വര്‍ധന നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. ബസ് ഉടമകള്‍ സമരത്തിലേക്ക് എടുത്തുചാടിയതാണ്. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. 30ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമുണ്ടാവും. ഓട്ടോ ടാക്‌സികള്‍ സമരരംഗത്തേക്ക് വന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകള്‍ സമരം ആരംഭിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്ന ആവശ്യമാണ് ബസുടമകള്‍ മുന്നോട്ടുവെച്ചത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചര്‍ച്ച നടത്തിയത്. ബസ് സമരത്തെ തുടര്‍ന്ന് മലബാര്‍ മേഖലയിലടക്കം വലിയ യാത്രാക്ലേശം ഉണ്ടായിരുന്നു.മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധനയാണ് പ്രധാനമായും ഉന്നയിച്ചതെന്നും അവര്‍ വ്യക്തമാക്കി. വാഹന നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുണ്ട്. ഈ മാസം 30 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം വര്‍ധന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Top