ഐ.ജി ബീക്കൺ ലൈറ്റും തെളിച്ച് വിവാഹവിരുന്നിൽ പോയത് എന്തിന് ? ?

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഹീറോകളാണ് ഐ.പി.എസ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം കോർപ്പറേഷൻ മേയറായ ആര്യ രാജേന്ദ്രൻ പോലും ഇപ്പോഴും സ്വപ്നമായി കൊണ്ട് നടക്കുന്നത് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയാകണമെന്നതാണ്. ആ പദവിയുടെ പവർ ഒന്നു വേറെ തന്നെയാണ്. ഈ പദവിയെ പണചാക്കുകളുടെ ആഘോഷ പരിപാടിക്ക് പകിട്ട് പകരാൻ ദുരുപയോഗം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇക്കാര്യം ഇവിടെ സൂചിപ്പിക്കാൻ കാരണം മോഹൻലാലിൻ്റെ മുൻ ഡ്രൈവറും ഇപ്പോൾ സിനിമാ നിർമ്മാതാവുമായ ആൻ്റണി പെരുമ്പാവൂരിൻ്റെ മകളുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടാണ്.

ഡ്രസ് കോഡ് അനുസരിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ചടങ്ങിനെത്തിയ താരങ്ങൾ ഉൾപ്പെടെയുള്ളവർ ധരിച്ചിരുന്നത്. മുൻകൂട്ടി നിർദ്ദേശം നൽകിയതിനാൽ ഇക്കാര്യം കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്റ്റൈലിൽ മമ്മൂട്ടിയെത്തിയപ്പോൾ കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹൻലാൽ എത്തിയത്. കറുത്ത ജുബ്ബയണിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിലൊന്നും ഒരു വിമർശനവും ഞങ്ങൾ ഉന്നയിക്കുന്നില്ല. കാരണം ആൻ്റണി പെരുമ്പാവൂർ പഴയ ഡ്രൈവറല്ല ഇപ്പോൾ,  ഇമ്മിണി വലിയ നിർമ്മാതാവാണ., എല്ലാറ്റിനും ഉപരി മോഹൻലാലിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.

താരങ്ങളും മുതലാളിമാരുമെല്ലാം ഡ്രസ്സ് കോഡിൽ എത്തുക സ്വാഭാവികമാണ്. എന്നാൽ, ഇവിടെ വിചിത്രമായി തോന്നിയത് മറ്റൊരു കാര്യമാണ്. അത് വിവാഹ സൽക്കാരനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ്.ഈ വീഡിയോയിലെ ഹൈലൈറ്റ്, ബീക്കൺ ലൈറ്റിട്ട് കുതിച്ചെത്തിയ ഒരു പൊലീസ് വാഹനമാണ്. രണ്ട് നക്ഷത്രങ്ങൾ പതിപ്പിച്ച ഇന്നോവകാർ അതായത്, ഐ.ജി റാങ്കിലുള്ള ഉദ്യാഗസ്ഥനാണ് വന്നിറങ്ങിയതെന്ന് വ്യക്തം. ഇദ്ദേഹത്തിൻ്റെ മാത്രല്ല വാഹനത്തിൻ്റെ ഡോർ തുറന്ന് കൊടുത്ത ഗൺമാൻ്റെയും ഡ്രസ്സ് കോഡും കറുപ്പ് തന്നെയായിരുന്നു.

 

 

ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്ന ഉന്നത പൊലീസ് ഓഫീസർ, ആൻ്റണി പെരുമ്പാവൂരിൻ്റെ ഉത്തരവ് അനുസരിച്ച നടപടി, സേനക്ക് തന്നെ അപമാനകരമാണ്. നാളെ മറ്റു പണചാക്കുകൾ, പല നിറത്തിലുള്ള ഡ്രസ്സ് കോഡ് നിർദ്ദേശിച്ചാൽ, ഈ ഐ.ജി അതും അനുസരിക്കുമോ? ഗൺമാനെയും അനുസരിപ്പിക്കുമോ ? ഈ ചോദ്യങ്ങൾക്കും മറുപടി ആവശ്യമാണ്. പൊലീസ് വാഹനത്തിൽ ബീക്കൺ ലൈറ്റിട്ട് പോകാൻ മാത്രം എന്ത് അടിയന്തര പ്രാധാന്യമായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്നത് ഐ.ജി തന്നെയാണ് ഇനി വ്യക്തമാക്കേണ്ടത്. കോടതിയിൽ ഉൾപ്പെടെ ചോദ്യം ചെയ്യേണ്ട വിഷയമാണിത്.

കാരണം, വിഐപി സംസ്കാരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2017 മേയ് ഒന്നു മുതലാണ് രാജ്യത്തെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റിനു നിരോധനം ഏർപ്പെടുത്തിയിരുന്നത്. തീരുമാനം വന്നതിന് പിന്നാലെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ജഡ്ജിമാരും ഉൾപ്പെടെ സകല വി.വി.ഐ.പികളും ബീക്കൺ ലൈറ്റ് ഒഴിവാക്കുകയും ചെയ്തിരുന്നു.

 

പുതിയ നിയമപ്രകാരം ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാനുള്ള അധികാരം നിലവിൽ ക്രമസമാധാനച്ചുമതലയുള്ള പൊലീസ് വിഭാഗത്തിനും സൈനിക-അര്‍ധസൈനിക വിഭാഗങ്ങൾക്കും അഗ്നിരക്ഷാസേന, ആംബുലൻസ് ദുരന്തനിവാരണസേനാംഗങ്ങളുടെ വാഹനങ്ങള്‍ എന്നിവയ്ക്കും മാത്രമാണുള്ളത്.പൊലീസിലെ തന്നെ ട്രാഫിക്, ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ബോംബ് സ്‌ക്വാഡ് തുടങ്ങി മറ്റുവിഭാഗങ്ങള്‍ക്ക് പോലും ഈ നിയമപ്രകാരം ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാൻ അധികാരമില്ലന്നതാണ് യാഥാർത്ഥ്യം.

ഇങ്ങനെ പരിമിതപ്പെടുത്തിയ ബീക്കൺ ലൈറ്റാണ് ഒരു ഐ.ജി ഇപ്പോൾ പരസ്യമായി ദുരുപയോഗം ചെയ്തിരിക്കുന്നത്. നിയമപാലകൻ തന്നെ നിയമത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണിത്. ആൻ്റണി പെരുമ്പാവൂരിൻ്റെ മകളുടെ വിവാഹ സൽക്കാര ചടങ്ങിന് വെളിച്ചം തെളിക്കാനല്ല പൊലീസിന് ബീക്കൺ ലൈറ്റ് അനുവദിച്ചിരിക്കുന്നതെന്ന കാര്യം ഈ സാഹസം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിയുന്നത് നല്ലതാണ്.

Top