ആൻറണി പെരുമ്പാവൂർ, പൃഥ്വിരാജ്‌, പൂർണ്ണിമ എന്നിവരുടെ മൊഴിയെടുക്കുമെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം മുന്‍ നിര്‍ത്തി നടന്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രമുഖരെ ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘത്തില്‍ സജീവം.

നടി ആക്രമിക്കപ്പെട്ട കേസും ബ്ലാക്ക് മെയില്‍ കേസും ഒരുമിച്ച് അന്വേഷിക്കുമ്പോള്‍ ഏതെങ്കിലും ഒരു ഭാഗം വിട്ടു കളഞ്ഞാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് യുവതാരമടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. എന്നാല്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇത് ആവശ്യമില്ലെന്ന നിലപാടിലാണെന്നും സൂചനയുണ്ട്.

ജയിലില്‍ വച്ച് സഹതടവുകാരന്റെ പേരില്‍ പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച ഫോണ്‍കോളില്‍ ദിലീപിന്റെ പേര് പറയാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ഒന്നര കോടി നിങ്ങള്‍ തന്നില്ലങ്കില്‍ രണ്ടര കോടി തരാന്‍ ആളുണ്ടെന്ന് പറഞ്ഞ് നടന്‍ മോഹന്‍ലാലിന്റെ വലം കൈ ആയ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ,നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ എന്നിവരുടെ പേരുകളാണ് പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നത്.

ദിലീപിനും നാദിര്‍ഷക്കും എതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ കോടതിയില്‍ ഈ സംഭാഷണവും ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ പൊലീസിന് ഇതേ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാതിരിക്കാനാവില്ല.

ഏത് സാഹചര്യത്തിലാണ് ഇവരുടെ പേരുകള്‍ പള്‍സര്‍ സുനി പറയാനുണ്ടായ സാഹചര്യമെന്നത് അന്വേഷണ സംഘത്തിന് വ്യക്തമാക്കേണ്ടി വരും. ഇക്കര്യത്തില്‍ സുനിയുടെ മാത്രം മൊഴി വിശ്വാസത്തിലെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയില്ല.

പണം തട്ടുന്നതിന് വേണ്ടിയാണ് ‘ഈ മാര്‍ഗ്ഗം’ പ്രതി സ്വീകരിച്ചിട്ടുള്ളതെങ്കില്‍ പ്രതിയുടെ മൊഴിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. സുനി ചൂണ്ടിക്കാട്ടിയ മൂന്നു പേരുമായും ദിലീപിന് നല്ല ബന്ധമല്ല ഉള്ളതെന്ന് ഇവരുടെ മൊഴി അനിവാര്യമാക്കുന്ന ഘടകവുമാണ്.

അതേ സമയം, സുനി പരാമര്‍ശിച്ച പ്രമുഖരുടെ അടുത്ത് നിന്നും മൊഴിയെടുക്കുമ്പോള്‍ വലിയ വാര്‍ത്താപ്രാധാന്യം വരും എന്നതിനാല്‍ രഹസ്യമായി മൊഴി രേഖപ്പെടുത്താനാണ് നീക്കം

സുനി രണ്ടാമത് നല്‍കിയ മൊഴി പ്രകാരമാണ് ഇപ്പോള്‍ നടനിലേക്കും ബന്ധപ്പെട്ടവരിലേക്കും സംശയത്തിന്റെ ‘മുന’ പൊലീസ് തിരിച്ചു വച്ചിരിക്കുന്നത്.

നടനടക്കമുള്ളവരെ പ്രതിയാക്കേണ്ട തരത്തിലുള്ള ശക്തമായ ഒരു തെളിവും ലഭിക്കാത്തതാണ് പൊലീസിനെ പ്രതിരോധത്തിലാക്കുന്നത്.

സാഹചര്യ തെളിവുകള്‍ മാത്രം മുന്‍നിര്‍ത്തി പ്രതിയാക്കുന്നതിനോട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കടുത്ത വിയോജിപ്പാണുള്ളത്.

വേണ്ടത്ര തെളിവില്ലാതെ കുടുക്കിയാല്‍ പിന്നീട് കേസ് കോടതിയില്‍ വിട്ടു പോവുകയും നിയമ നടപടി നേരിടേണ്ടി വരുമെന്നതും ഉദ്യോഗസ്ഥരെ പിറകോട്ടടിപ്പിക്കുന്ന ഘടകമാണ്.

എന്നാല്‍, മാധ്യമങ്ങളും ജനങ്ങളും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സ് ഗൂഡാലോചന കേസില്‍ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വിശ്യസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന സൂചന.

റിപ്പോര്‍ട്ട്: എം വിനോദ്

Top