മുത്തലാഖ് ബില്‍ പാസാക്കാനുള്ള നീക്കം പരാജയപ്പെടുത്തുമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തുമെന്ന് എ കെ ആന്റണി. 90 ശതമാനം പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെന്ന് ആന്റണി പറഞ്ഞു.

അതേസമയം മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞു. രാജ്യസഭ മറ്റന്നാല്‍ വരെയാണ് പിരിഞ്ഞിരിക്കുന്നത്.

മുത്തലാഖ് ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ തള്ളി. ബില്ല് പാസാക്കാതിരിക്കാനാണ് സെലക്ട് കമ്മിറ്റി പ്രതിപക്ഷം ആവശ്യം എന്നും സര്‍ക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ഇതിന് ശേഷം വീണ്ടും സഭ ആരംഭിച്ചതോടെയാണ് സഭ മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചത്.

അതേസമയം ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായ് പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തി രംഗത്തെത്തി. ബിജെപി ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ തെളിവാണ് മുത്തലാഖ് ബില്‍. ബി.ജെ.പിയുടെ അതിക്രമിച്ചു കയറ്റം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നുവെന്നും. സ്ത്രീകളെയും പുരുഷന്‍മാരെയും സാമ്പത്തികമായി തകര്‍ക്കുന്നത് ബി.ജെ.പിക്കാരാണെന്നും മുഫ്തി വിമര്‍ശിച്ചു.

Top