ഗാസയില്‍ ഭക്ഷണവിതരണ കേന്ദ്രത്തില്‍ നടത്തിയ വെടിവെപ്പില്‍ അന്വേഷണം വേണം:അന്റോണിയോ ഗുട്ടറസ്

റാഫ: ഗാസാ സിറ്റിയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്കുനേരേ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍.സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഗാസയില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കാണുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ യുദ്ധത്തില്‍ 30,000-ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ പറയുന്നു. വെടിനിര്‍ത്തല്‍ ആവശ്യമാണ്, ഉടനടി ബന്ദികളെ നിരുപാധികം മോചിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയണമെന്ന് ഗുട്ടെറസ് പറഞ്ഞു.

ഇസ്രയേല്‍ തടസ്സംനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ഒരുമാസമായി വടക്കന്‍ ഗാസയില്‍ ഭക്ഷണം വിതരണംചെയ്യാനായിട്ടില്ലെന്ന് ആഗോള ഭക്ഷ്യപദ്ധതി (ഡബ്ല്യു.എഫ്.പി.) അറിയിച്ചു. അതിനിടെ, തെക്കന്‍ ഗാസയില്‍ ജോര്‍ദാന്‍ വ്യോമമാര്‍ഗം ഭക്ഷണപാക്കറ്റുകള്‍ വിതരണംചെയ്യുന്നുണ്ട്. ഇതുകിട്ടാനായി ജനങ്ങള്‍ പിടിയും വലിയുമാണ്. ഗാസയിലെ 23 ലക്ഷം ജനതയുടെ മൂന്നിലൊന്നും കൊടുംപട്ടിണിയിലാണെന്ന് യു.എന്‍. പറയുന്നു.

ഫെബ്രുവരി 29 വ്യാഴാഴ്ച രാവിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ 112 പേരാണ് കൊല്ലപ്പെട്ടത്. 700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാങ്കുകള്‍ക്ക് തൊട്ടടുത്തേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയപ്പോള്‍ സൈന്യത്തിന് ഭീഷണിയാകും എന്നുതോന്നിയാണ് വെടിയുതിര്‍ത്തതെന്നാണ് ഇസ്രയേല്‍സൈന്യത്തിന്റെ വിശദീകരണം.യു എന്‍ സുരക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. വീറ്റോ അധികാരത്തെ രക്ഷാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തളത്തുന്നതിനുള്ള ഉപകരണമായി മാറ്റിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Top