മെസ്സി ബാർസയിലേക്കെന്ന സൂചന ഭാര്യ അന്റോനെല്ല

പാരിസ് : ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട അർജന്റീന സൂപ്പർ താരം ലയണൽ‌ മെസ്സി പഴയ തട്ടകമായ ബാർസിലോനയിലേക്കു മടങ്ങിയേക്കും. മെസ്സിയുടെ ഭാര്യ ആന്റനെല്ല റൊക്കൂസോ മെസ്സി ബാർസിലോന ജഴ്സി ധരിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘വീട്ടിലേക്കു തിരികെവരൂ, ലിയോ’ എന്നാണ് അന്റോനെല്ല ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഇതോടെ മെസ്സി ബാർസിലോനയിലേക്കു തന്നെ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ബാർസ ആരാധകർ.

ബാർസിലോനയിലേക്കു മടങ്ങാൻ മെസ്സിക്കു താൽപര്യമുണ്ടെന്ന് താരത്തിന്റെ പിതാവും ഏജന്റുമായ ഹോർഹെ മെസ്സി പ്രതികരിച്ചതും ആരാധകരെ ആവേശത്തിലാക്കുന്നു. ബാർസ പ്രസിഡന്റ് ജൊവാൻ ലപോർട്ടെയുമായി ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ഹോർഹെയുടെ വാക്കുകൾ. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്.

മോഹവിലയെക്കാളും മെസ്സിക്കു താൽപര്യം പഴയ കളിമൈതാനത്തോടാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോടികളെറിഞ്ഞ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്ർ ടീമിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം റയൽ മഡ്രിഡ് വിട്ട കരിം ബെന്‍സേമയും ഇനി സൗദി അറേബ്യയിലാണു കളിക്കുക. മെസ്സി കൂടി സൗദി പ്രോ ലീഗിലേക്കെത്തിയാൽ റൊണാൾഡോ– ബെൻസേമ– മെസ്സി പോരാട്ടത്തിനും സൗദി ലീഗിൽ കളമൊരുങ്ങും. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി വിടാനൊരുങ്ങുകയാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അൽ നസ്റിൽ തൃപ്തനാണെന്ന് സൂപ്പർ താരം തന്നെ പിന്നീടു വ്യക്തമാക്കി.

ബാർസിലോനയിൽ ചേരണമെങ്കിൽ മെസ്സി പ്രതിഫലം കുറയ്ക്കേണ്ടിവരും. ലാ ലിഗയിലെ ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ഇതുവരെ ബാർസയ്ക്കും മെസ്സിക്കും മുന്നിൽ തടസ്സമായി നിന്നിരുന്നത്. പ്രധാനമായും ക്ലബ്ബുകൾ വരവിൽ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാൻസ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല. 2021ൽ എഫ്എഫ്പി ചട്ടങ്ങൾ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാർസയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്.

Top