വാവേയുമായുള്ള കരാര്‍ റദ്ദാക്കി ഫ്രഞ്ച് ഫുട്‌ബോളർ അന്‍റോണിയോ ഗ്രീസ്മാന്‍

ചൈനീസ് കമ്പനിയായ വാവേയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബാര്‍സലോണ ടീമംഗവും ഫ്രഞ്ച് ഫുട്‌ബോളറുമായ അന്‍റോണിയോ ഗ്രീസ്മാന്‍. ഉയിഗൂര്‍ മുസ്‍ലിങ്ങളെ തിരിച്ചറിയാനുള്ള നിരീക്ഷണ ക്യാമറകളും തിരിച്ചറിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പൊലീസുകാര്‍ക്ക് അലേര്‍ട്ടുകള്‍ അയക്കാനും കഴിവുള്ള സോഫ്റ്റ്‍വേര്‍ വാവേയ് വികസിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് താരത്തിന്റെ തീരുമാനം. ഡിസംബർ എട്ടിനാണ് ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്കെതിരെയുള്ള വാവേയുടെ നിരീക്ഷണ സോഫ്റ്റ്‍വേര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വാഷിംഗ്ടൺ പോസ്റ്റിൽ വരുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കരാര്‍ റദ്ദാക്കിയ വിവരം താരം പുറത്തുവിട്ടത്

‘ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന മുഴുവന്‍ സമയ നിരീക്ഷണത്തില്‍ വാവേയുടെ പങ്ക് മനസിലായതുകൊണ്ടാണ് ഉടനടി തന്നെ കരാര്‍ ഉപേക്ഷിച്ചത്, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വാവേയ് നിഷേധിക്കുകയാണെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യും, ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സമൂഹത്തിലെ സ്വാധീനം ഉപയോഗിച്ച് നിരുത്സാഹപ്പെടുത്താനും അപലപിക്കാനും വാവേയോട് ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുന്നു’. താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഗ്രീസ്‍മാന്‍റെ പ്രവര്‍ത്തിയോട് വലിയ ബഹുമാനം തോന്നുന്നതായി ഉയിഗൂര്‍ അവകാശ സമിതി പ്രവര്‍ത്തകന്‍ ജൂവര്‍ ഇല്‍ഹാം പറഞ്ഞു.

Top