ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും; പ്രോസിക്യൂഷന്റേത് നാളെ കേൾക്കും

കൊച്ചി:അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം ഇന്ന് പൂര്‍ത്തിയാക്കിയ ശേഷം പ്രോസിക്യൂഷന്റെ ഭാഗം കേട്ട ശേഷം ആവശ്യമെങ്കില്‍ വാദിക്കാമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള വ്യക്തമാക്കിയത്. കേസ് നാളെ 1.45 ന് വീണ്ടും പരിഗണിക്കും.

കേസിലെ പ്രധാന തെളിവായ, സംഭാഷണം റെക്കോര്‍ഡ് ചെയ്തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ പൊലീസിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ഇതില്‍ ഇതിനകം എഡിറ്റിങ് വരുത്തിയിട്ടുണ്ടാവാം. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിനു കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണ്. സംഭാഷണങ്ങളില്‍ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പൊലീസിനു കൈമാറിയിരിക്കുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

സിഐ സുദര്‍ശന്റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചു കൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു. എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും ഈ അന്വേഷണ സംഘം കേസ് അന്വേഷിച്ചാല്‍ നീതി കിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദം.

 

 

Top