ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ ; ഹാഫീസ് സയിദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു

hafiz-saeed

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഹാഫീസ് സയിദിനെ പാക്കിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. 1997ലെ തീവ്രവാദ വിരുദ്ധ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സയിദിനെയും ജമാത്ത് ഉദ് ദവയെും തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

തീവ്രവാദവിരുദ്ധ നിയമത്തിലെ 11EE, 11 BB തുടങ്ങിയ വകുപ്പുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് തീവ്രവാദവിരുദ്ധ നിയമത്തില്‍ മാറ്റം വരുത്താനുള്ള നിയമത്തില്‍ പാക്ക് പ്രസിഡന്റ് ഒപ്പുവെച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഭേദഗതി നിലവില്‍ വന്നു. ഇതേ തുടര്‍ന്ന് സയിദിന്റെ സംഘടന ഉള്‍പ്പെടെ നിരവധി സംഘടനകള്‍ക്ക് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഐക്യരാഷ്ട്ര സഭ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന അൽക്വയ്ദ, താലിബാൻ, ലഷ്കർ -ഇ തോയിബ എന്നി ഭീകരസംഘടനകൾക്കെതിരെയാണ് പുതിയ ഓർഡിനൻസ് നിലവില്‍ വന്നിരിക്കുന്നത്.

ഭീകരവാദത്തിന്റെ പേരിൽ ഐക്യരാഷ്ട്ര സഭ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന വ്യക്തികൾക്കും ഭീകര സംഘടനകൾക്കുമെതിരെ നടപടിയെടുക്കാനും, അവരുടെ ഓഫീസുകൾ അടച്ചിടുന്നതും അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതു പോലുള്ളതുമായ നടപടികൾ കൈക്കൊള്ളാനുമാണ് ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ് പുതിയ നീക്കം. ഭീകരവാദത്തിനെ പാക്ക് മണ്ണിൽ നിന്ന് തുടച്ചുനീക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു.

Top