തമിഴ് വിരുദ്ധ പ്രമേയം, ‘ദി ഫാമിലി മാന്‍ 2’ റിലീസ് തടയണം; കേന്ദ്രത്തിന് വൈക്കോയുടെ കത്ത്

ചെന്നൈ: ‘ദി ഫാമിലി മാന്‍ 2’ സീരീസിന്റെ ഹിന്ദി ട്രെയിലര്‍ പുറത്തുവിട്ടതിന് പിന്നാലെ തമിഴ് വിരുദ്ധ പ്രമേയമാണ് രണ്ടാം സീസണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവുമായാണ് പ്രതിഷേധം ഉയരുന്നത്.

ദി ഫാമിലി മാന്‍ 2 പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാം തമിലര്‍ കച്ചി സ്ഥാപകന്‍ സീമാന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, രാജ്യസഭ എംപിയും എംഡിഎംകെ നേതാവുമായ വൈക്കോയും ഇത് നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

സീരീസില്‍ തമിഴരെ തീവ്രവാദികളായാണ് കാണിക്കുന്നതെന്നും റിലീസ് തടയണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് വൈക്കോ കത്തെഴുതി. തമിഴരെ പാകിസ്ഥാനുമായി ബന്ധമുള്ള ഐഎസ്‌ഐ തീവ്രവാദികളായി ചിത്രീകരിച്ചിരിക്കുകയാണെന്നും ഇത് ആ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും വൈക്കോ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സീരീസിന്റെ റിലീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു. സീരീസില്‍ എല്‍ടിടിഇയെ പ്രതിനിധീകരിച്ച് അഭിനയിച്ച സാമന്തയ്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

 

Top