തൂത്തുക്കുടി വെടിവെയ്പ്പ്; പ്രതിപക്ഷം നാടകം കളിക്കുകയാണെന്ന് പളനിസ്വാമി

ചെന്നൈ: വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രതിഷേധത്തിനിടെ സാമൂഹ്യവിരുദ്ധര്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നാടകം കളിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ നതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

തമിഴ്‌നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിലെ വെടിവയ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ആദ്യ ദിവസം 10 പേരും പിറ്റേന്ന് മൂന്ന് പേരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കുമുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമായിരുന്നു കഴിഞ്ഞദിവസം. ഇരുപതിനായിരത്തോളം പേര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

Top