സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കീഴടങ്ങി. ഡല്‍ഹിയിലെ കോടതിയിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. തുടര്‍ന്ന് പൊലീസ് സജ്ജന്‍കുമാറിനെ മണ്ടോലി ജയിലിലേക്ക് മാറ്റി.

സിഖ് വിരുദ്ധ കലാപത്തില്‍ പ്രതിയാണെന്ന് കണ്ടെത്തിയ മുന്‍ കോണ്‍ഗ്രസ് എം.പി കൂടിയായ സജ്ജന്‍കുമാറിനെ ഡിസംബര്‍ 17നാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ ഡല്‍ഹി കാന്റ് മേഖലയിലെ രാജ് നഗറില്‍ അഞ്ച് സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം സജ്ജന്‍കുമാര്‍ രാജി വെച്ചിരുന്നു.

കീഴടങ്ങുന്നതിന് മുന്‍പായി കുടുംബകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനായി ഒരുമാസം സമയം സജ്ജന്‍ കുമാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

Top