എല്‍ജെഡിയിലെ ശ്രേയാംസ് കുമാര്‍ വിരുദ്ധ ചേരി ഇന്ന് സിപിഎം നേതൃത്വത്തെ കണ്ടേക്കും

തിരുവനന്തപുരം: എല്‍ജെഡിയിലെ ശ്രേയാംസ് കുമാര്‍ വിരുദ്ധ ചേരി ഇന്ന് സിപിഎം നേതൃത്വത്തെ കണ്ടേക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെയും നാളെ കോടിയേരിയെയും കാണാനാണ് ഷേക്ക് പി ഹാരിസിന്റെ നേതൃത്വത്തിലുള്ള വിമത ചേരിയുടെ നീക്കം.

അഞ്ച് ജില്ലാ കമ്മിറ്റിയുടെ പിന്തുണയാണ് വിമത ചേരി അവകാശപ്പെടുന്നത്. കൂടുതല്‍ ജില്ലാ കമ്മിറ്റികളെ ഒപ്പം കൊണ്ടുവരാനാണ് നീക്കം. എല്‍ ഡി എഫില്‍ മന്ത്രി സ്ഥാനം പോലും ചോദിച്ച് വാങ്ങാതെ പാര്‍ട്ടിയെ ദുര്‍ബലമാക്കിയതും ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ സമ്മര്‍ദ്ദം ചെലുത്താതെ വഴങ്ങിയതും ഉയര്‍ത്തിയാണ് ശ്രേയാംസിനെതിരായ നീക്കങ്ങള്‍.

വിമതര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടികള്‍ ആലോചിക്കാനാണ് ശ്രേയാംസ് കുമാറിന്റെ നീക്കം. ശനിയാഴ്ച കോഴിക്കോട് നേതൃയോഗം ചേര്‍ന്നേക്കും. എന്‍ എല്‍ വിഷയത്തില്‍ കൈ കൊണ്ടതിന് സമാനമായി പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം തീര്‍ക്കണമെന്നാണ് സിപിഎം നിലപാട്.

ഷെയ്ഖ് പി ഹാരിസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ആരോപണം ഉന്നയിക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസാണ്. എല്‍ജെഡിക്ക് നാല് സീറ്റ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നില്ല. താന്‍ പുറത്തുപോകണോ എന്നത് തീരുമാനിക്കേണ്ടത് സംസ്ഥാന കൗണ്‍സിലും കമ്മറ്റിയുമാണ്. 76 പേരാണ് സംസ്ഥാന കമ്മറ്റിയിലുള്ളത്. അതില്‍ ഒന്‍പതു പേര്‍ മാത്രമാണ് ഇന്നത്തെ ആരോപണത്തിലുള്ളതെന്നുമായിരുന്നു വിശദീകരണം.

Top