എ സാറ്റിനുള്ള ശേഷി ഇന്ത്യക്കുണ്ടായിരുന്നു; മുന്‍സര്‍ക്കാരുകള്‍ അനുമതി നല്‍കിയില്ലെന്ന്…

ന്യൂഡല്‍ഹി: ഇന്ത്യുടെ പുതിയ നേട്ടമായ ഉപഗ്രഹവേധ മിസൈലുകള്‍ (എ- സാറ്റ്) വികസിപ്പിക്കാനുള്ള ശേഷി നേരത്തെ ഇന്ത്യയ്ക്കുണ്ടായിരുന്നു എന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത്തരം മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി ഇന്ത്യ നേരത്തെ തന്നെ ആര്‍ജിച്ചതാണെങ്കിലും അവ പരീക്ഷിക്കാനുള്ള തീരുമാനം 2014ലാണ് എടുത്തതെന്നും മന്ത്രി പറഞ്ഞു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ സാങ്കേതികവിദ്യ ഒരു രാജ്യത്തുനിന്നും കടമെടുക്കാനോ വാങ്ങാനോ കഴിയില്ലെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

മിഷന്‍ ശക്തി എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ പ്രധാനനേട്ടമാണ്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും അവര്‍ കൂട്ടിച്ചേർത്തു.

അതേസമയം മിസൈല്‍ വികസിപ്പിക്കാനുള്ള ശേഷിയുണ്ടായിട്ടും മുന്‍സര്‍ക്കാരുകള്‍ അത്തരം നീക്കങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. 2012ല്‍ അഗ്‌നി5 മിസൈല്‍ പരീക്ഷിച്ചപ്പോളും ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാന്‍ യു.പി.എ സര്‍ക്കാര്‍ഡി.ആര്‍.ഡി.ഒ.യ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും നിര്‍മലാ സീതാരാമന്‍ വെളിപ്പെടുത്തി.

Top