ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വൈദികന് ആറ് വര്‍ഷം തടവ്

മെല്‍ബണ്‍: പതിനെട്ട് വയസ്സ് തികയാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ആസ്‌ട്രേലിയന്‍ കത്തോലിക്ക സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പും, വത്തിക്കാന്‍ സാമ്പത്തിക കാര്യ ഉപദേഷ്ടാവുമായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ(77) ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വിക്ടോറിയന്‍ കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ആഴ്ചകള്‍ നീണ്ട രഹസ്യ വിചാരണക്ക് ശേഷമാണ് ശിക്ഷാവിധി.

1996ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം വഹിക്കെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നതാണ് പെല്ലിനെതിരായ കേസ്. സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പെല്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡനത്തിനിരയായ കുട്ടികളില്‍ ഒരാള്‍ പെല്ലിനെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മറ്റൊരാള്‍ 2014ല്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ 2018 ഡിസംബര്‍ 11ലെ കോടതി വിധിക്കെതിരെ പെല്‍ വിക്ടോറിയന്‍ കൗണ്ടി കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയതോടെ പ്രതി കുടുങ്ങുകയായിരുന്നു. വത്തിക്കാനില്‍ പോപ്പിന്റെ ഉപദേഷ്ടാവും ട്രഷററും ആയിരുന്നു ജോര്‍ജ് പെല്‍. കുറ്റവാളിയെന്ന വിധി വന്നതോടെ കര്‍ദിനാളിനെ എല്ലാ പദവികളില്‍ നിന്നും പുറത്താക്കുകയായിരുന്നു.

Top