മോദി വിരുദ്ധ സഖ്യം; ശരദ് പവാര്‍ വിളിച്ച യോഗം ഇന്ന്

ഡല്‍ഹി: കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷിനേതാക്കളുടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ച യോഗം ഇന്ന് നടക്കും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണായക രാഷ്ട്രീയ നീക്കത്തിന് വേണ്ടിയാണ്  ശരദ് പവാര്‍ വിളിച്ച കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. 15 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കും.

പ്രശാന്ത് കിഷോറിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ ബദലിന് പവാര്‍ ശ്രമിക്കുന്നത്. പവാറിന്റെയും തൃണമൂലില്‍ ചേര്‍ന്ന മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെയും പേരിലാണ് യോഗത്തിലേക്കുള്ള ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ മൂന്നാം മുന്നണി എന്നതിലേക്ക് എത്താനുള്ള എന്‍സിപി നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് കണക്കുകൂട്ടല്‍.

ശരദ് പവാറും യശ്വന്ത് സിഹ്നയും ഇന്നത്തെ ദേശീയ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നയിക്കുന്നതായും ഇതില്‍ സാന്നിധ്യം അപേക്ഷിക്കുന്നതായും ക്ഷണക്കത്തില്‍ പറയുന്നു. രാഷ്ട്രീയ ജനതാദള്‍ നേതാവ് മനോജ് ഝാ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ വിവേക് ടംഖ, കപില്‍ സിബല്‍ തുടങ്ങിയവര്‍ക്കും കത്ത് ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ടംഖയും സിബലും വ്യക്തമാക്കി.

എന്‍സിപി ഭാരവാഹികളുടെ യോഗം ശരദ് പവാറിന്റെ വസതിയില്‍ ചേരും. പിന്നാലെ പ്രതിപക്ഷ നേതാക്കളും പ്രമുഖരും പങ്കെടുക്കുന്ന യോഗം നടക്കും.

Top