ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം; ദേശീയ പതാകയുമേന്തി ഭീം ആര്‍മി തലവന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധം തുടങ്ങിയത്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധം.

ജമാമസ്ജിദില്‍ നിന്ന് ആരംഭിച്ച റാലി കാല്‍നടയായി ജന്ദര്‍മന്ദറിലേക്ക് വരും. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ചന്ദ്ര ശേഖര്‍ ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ജമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. സമീപത്തെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഭരണഘടനയും അംബേദ്കറുടെ പോസ്റ്ററുകളും കൈയിലേന്തിയാണ് ജുമാ മസ്ജിദിന് മുന്നിലുള്ള പ്രതിഷേധം.

ഡല്‍ഹി ഗേറ്റിന് സമീപം ബാരിക്കേഡുവച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. എന്നാല്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ പ്രതിഷേധക്കാര്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശ്രമം നടന്നു. മാര്‍ച്ച് ജന്തര്‍ മന്ദറില്‍ എത്തുന്നത് തടയാനാണ് പോലീസിന്റെ ശ്രമം. ജന്തര്‍ മന്ദറിലേക്കുള്ള പാതകളെല്ലാം ഡല്‍ഹി പോലീസ് അടച്ചിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

 

 

Top