പൗരത്വ നിയമവിരുദ്ധ പ്രമേയങ്ങള്‍ ഔദ്യോഗിക നിലപാടല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

ന്ത്യയുടെ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിന് എതിരായി യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആറ് രാഷ്ട്രീയ ഗ്രൂപ്പുകള്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ നിന്നും ദൂരം പാലിച്ച് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആറ് പ്രമേയങ്ങളും, ചില അംഗങ്ങളുടെ നിലപാടുകളും 28 അംഗ യൂണിയന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഇയു വിദേശകാര്യ, സുരക്ഷാ നയങ്ങളുടെ വക്താവ് വിര്‍ജിന്‍ ബാതു ഹെന്റിക്‌സണ്‍ വ്യക്തമാക്കി.

ഇന്ത്യ പൗരത്വം അനുവദിക്കുന്ന രീതിയില്‍ അപകടകരമായ മാറ്റമെന്ന് വിശേഷിപ്പിച്ചാണ് 751 അംഗങ്ങളുള്ള ഇയു പാര്‍ലമെന്റില്‍ ആറ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് മോദി സര്‍ക്കാരും, ലോക്‌സഭാ, രാജ്യസഭാ സ്പീക്കര്‍മാരും ഉന്നയിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു വിദേശ പാര്‍ലമെന്റിനും ഇടപെടേണ്ട കാര്യമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

ഇതോടെയാണ് പ്രമേയങ്ങള്‍ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി ഇയു വക്താവ് രംഗത്ത് വന്നത്. ‘നടപടിക്രമങ്ങള്‍ അനുസരിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ് കരട് പ്രമേയങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ രാഷ്ട്രീയ വിഭാഗങ്ങള്‍ സമര്‍പ്പിക്കുന്ന കരട് മാത്രമാണ് ഇത്. യൂറോപ്യന്‍ പാര്‍ലമെന്റും, അംഗങ്ങളും പറയുന്നത് യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാടല്ല’, ഇയു വക്താവ് വിശദീകരിച്ചു.

സിഎഎയ്ക്ക് പുറമെ കശ്മീര്‍ വിഷയത്തിലും ഇയു പാര്‍ലമെന്റ് പ്രമേയം അവതരിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഇന്ത്യ ഇയു സമ്മേളനം മാര്‍ച്ചില്‍ നടക്കുന്നതിന് മുന്നോടിയായി ഈ ഇടപെടല്‍ വരുന്നത് ഗുണകരമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഇയു വക്താവിന്റെ വിശദീകരണങ്ങളെന്നാണ് കരുതുന്നത്.

Top