ഇന്ത്യന്‍ പൗരത്വ നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ബ്രസ്സല്‍സ്: ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍.

യൂറോപ്യന്‍ പാര്‍ലമെന്റിലെ 150ലധികം പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വം നിര്‍ണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് അതിടയാക്കുമെന്നും പ്രമേയത്തിന്റെ കരടില്‍ ആരോപിക്കുന്നു. ജനങ്ങള്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കേണ്ട അവസ്ഥ പൗരത്വ നിയമം മൂലം ഉണ്ടാകുമെന്നും കരട് പ്രമേയം ആരോപിക്കുന്നു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളെയും നിശബ്ദരാക്കാന്‍ ശ്രമിക്കുകയും മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന് യൂണിയനോട് ആവശ്യപ്പെടുന്നതാണ് കരട് പ്രമേയം. ഇന്ത്യയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകള്‍ കൂടി അതില്‍ ഉള്‍ക്കൊള്ളിക്കണമെന്നും കരട് പ്രമേയം ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം സഭയില്‍ അവതരിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനുവരി ഏഴിലെ സമരത്തോട് കരട് പ്രമേയം ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നുണ്ട്.

Top