പോപ്പുലര്‍ ഫ്രണ്ട് കുരുക്കിലേക്ക്; സിഎഎ പ്രതിഷേധങ്ങള്‍ക്ക് പണമൊഴുക്കി, അന്വേഷണം!

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായ സംഭവങ്ങളില്‍ നോട്ടപ്പുള്ളിയായി മാറിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കുരുക്ക് മുറുകുന്നു. ഫണ്ടുകളുടെ ശ്രോതസ്സ് വെളിപ്പെടുത്തല്‍ പരാജയപ്പെട്ടത് ഉള്‍പ്പെടെ പണമിടപാടില്‍ വിശദീകരണം നല്‍കാന്‍ പോപ്പുലര്‍ ഫ്രണ്ട് പരാജയപ്പെട്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.

ചില ബാങ്ക് അക്കൗണ്ടുകളിലൂടെ പോപ്പുലര്‍ ഫ്രണ്ട് കൈപ്പറ്റിയ ഫണ്ട് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നാണ് ആരോപണം. പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധമുള്ള ആറ് അംഗങ്ങളുടെയും, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ അംഗങ്ങളുടെയും മൊഴികള്‍ സിഎഎ വിരുദ്ധ പ്രതിഷേധ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഇഡി രേഖപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ ആരംഭിച്ച 27 ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ഒന്‍പത് അക്കൗണ്ടുകള്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പേരിലാണ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള റിഹാബ് ഫൗണ്ടേഷന്‍ 17 വ്യക്തികളുടെയും, സംഘടനകളുടെയും പേരില്‍ മറ്റ് 37 ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

ഡിസംബര്‍ 4ന് പൗരത്വ ബില്‍ കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച് ഡിസംബര്‍ 12ന് പാര്‍ലമെന്റ് നിയമം പാസാക്കി. ഈ കാലയളവില്‍ കോടികളാണ് ഈ അക്കൗണ്ടുകള്‍ വഴി കൈമാറിയത്. ഓരോ ഭാരവാഹികളും ഈ വിവരങ്ങള്‍ അറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് മേധാവി ഇ അബൂബക്കറിനെ ചോദ്യം ചെയ്യലിനായി വിളിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കൂടുതല്‍ സമയം തേടിയിരിക്കുകയാണ് ഇയാള്‍.

Top