സമരവേദി മാറ്റില്ലെന്നുറച്ച് ഷഹീന്‍ബാഗിലെ അമ്മമാര്‍; കുരുക്കിലായി അഭിഭാഷക സമിതി

ന്യൂഡല്‍ഹി: സമരവേദി മാറ്റില്ലെന്ന് സമരക്കാര്‍ അറിയിച്ചതോടെ ഷഹീന്‍ബാഗ് സമരവേദി മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ച ഇന്നും സമവായമായില്ല. വേദി മാറ്റില്ലെന്നു സമരക്കാര്‍ ആവര്‍ത്തിച്ചതോടെയാണ് അഭിഭാഷക സമിതിയുടെ ചര്‍ച്ച വഴിമുട്ടിയത്. മധ്യസ്ഥചര്‍ച്ച നാളെയും തുടരുമെന്ന് സമിതിയംഗങ്ങളായ സഞ്ജയ് ഹെഗ്‌ഡേയും സാധന രാമചന്ദ്രനും അറിയിച്ചു. സിഎഎ, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നിലവിലെ പ്രശ്‌നം സമരപ്പന്തല്‍ മാറ്റുന്നതിനെ കുറിച്ചാണെന്നും സാധന രാമചന്ദ്രന്‍ പറഞ്ഞു.

തിങ്കളാഴ്ച്ച സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് പ്രശ്‌നപരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സമിതിയംഗങ്ങള്‍. കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ പോലും അവഗണിച്ച് ഷഹീന്‍ബാഗില്‍ സ്ത്രീകളടക്കമുള്ളവര്‍ സമരം തുടരുന്നത്. ഇതിന് പിന്നാലെ സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും, ഇവിടെ സമരമിരിക്കുന്നത് തീവ്രവാദികളാണെന്നും ബിജെപി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വന്‍ പ്രചാരണവിഷയമാക്കി. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയതോടെയാണ്, ഇവിടത്തെ ഗതാഗത തടസ്സം കണക്കിലെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്.

Top