തമിഴ്‌നാട്ടില്‍ പ്രതിഷേധം; വീടുകള്‍ക്ക് മുന്നില്‍ കോലം വരച്ച്, മുദ്രാവാക്യം എഴുതി ഡിഎംകെ നേതാക്കള്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ വീണ്ടും പ്രതിഷേധം. ഡിഎംകെ നേതാക്കള്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ കോലം വരച്ചാണ് പ്രതിഷേധം അറിയിച്ചത്.

ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, കനിമൊഴി, അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പടെയുള്ളവരുടെ വസതികള്‍ക്ക് മുന്നിലാണ് കോലം വരച്ച് പ്രതിഷേധിച്ചത്. സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ മുദ്രാവാക്യങ്ങളും കോലത്തോടൊപ്പം എഴുതിയിട്ടുണ്ട്.

സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ‘NO CAA, NO NRC’എന്ന മുദ്രാവാക്യങ്ങളോടെ ഞായറാഴ്ച കനിമൊഴി തങ്ങളുടെ വനിതാ വിങ് അംഗങ്ങളോട് വീടുകള്‍ക്ക് പുറത്ത് കോലങ്ങള്‍ വരയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ ബസന്ത് നഗറില്‍ കോലം വരച്ച് പ്രതിഷേധിച്ച എഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുജനത്തിന് ശല്യമുണ്ടാക്കി എന്ന പേരിലാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അഭിഭാഷകരെ ഉള്‍പ്പടെ തടഞ്ഞുവച്ചെങ്കിലും പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്.

Top