സംയുക്തസമരത്തില്‍ സംസ്ഥാന ഘടകത്തിന്റെ ഭിന്നനിലപാട്; അതൃപ്തി അറിയിച്ച് സോണിയ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ട സംസ്ഥാന ഘടകത്തിന്റെ ഭിന്നനിലപാടില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഭിന്നനിലപാട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയയെ ധരിപ്പിച്ചതായാണ് സൂചന. ഭിന്നത സിപിഎം പരമാവധി മുതലെടുക്കുന്നതിന് ഇടയാക്കിയെന്ന വിമര്‍ശനവും സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നു.

സംയുക്തപ്രതിഷേധത്തിന്റെ എല്ലാ ക്രെഡിറ്റും സിപിഎമ്മിനെന്ന നിലയിലേക്കെത്തിക്കരുതെന്നും, കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മില്‍ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാകരുതെന്നും സോണിയ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയ്ക്ക് ശേഷം ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനം വിളിച്ച് മുല്ലപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

പൗരത്വനിയമഭേദഗതിക്കെതിരെ സിപിഎമ്മുമായി ചേര്‍ന്ന് ഇനി സമരമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണ് സംയുക്തസമരത്തിന് തയാറായത്. എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് വരുത്തി സമരത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Top