കുടുംബത്തിനെതിരെ അപവാദപ്രചരണം: നിയമനടപടിക്കൊരുങ്ങി ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ

കണ്ണൂര്‍: കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന സി.പി.എമ്മിനെതിരെ ആരോപണവുമായി രംഗത്ത്. കേസ് വഴി തിരിച്ചു വിടുന്നതിനായി പാര്‍ട്ടി അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബീന ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇങ്ങനെ അപവാദപ്രചരണം തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബീന പറഞ്ഞു. അപവാദം പ്രചരിപ്പിക്കുന്നവര്‍ തന്റെ മക്കളെക്കുറിച്ചെങ്കിലും ഓര്‍ക്കണം. കുട്ടികള്‍ തനിക്കെതിരെ മൊഴി നല്‍കിയെന്നത് വ്യാജപ്രചരണം മാത്രമാണെന്നും വീട്ടില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ബീന പറഞ്ഞു. ലോകം ഒരുപാട് കണ്ട സാജന്‍ ഒരു നിസാരകാരണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നും ബീന പറഞ്ഞു.

കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് മകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് താന്‍ നല്‍കിയ മൊഴി. അത് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും മകള്‍ പറഞ്ഞു. വീഡിയോ കോള്‍ ചെയ്തത് താനാണെന്ന് മകനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്റെ മനോവിഷമത്തിലായിരുന്നു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ (48) ആത്മഹത്യ ചെയ്തത്.നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു.

Top