ആന്തൂര്‍ ആത്മഹത്യ വിഷയത്തില്‍ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചത്. കണ്ണൂരില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരെ തുടങ്ങിയ സിപിഎം ഒരു പാവം പ്രവാസിയെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയ കെഎം ഷാജി പറഞ്ഞു.

പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമര്‍ശിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും നഗരസഭാ സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്നും ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. സിപിഎംകാരായിപ്പോയി എന്ന് കരുതി അവരെ ക്രൂശിക്കാം എന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ആന്തൂര്‍ നഗരസഭ അധ്യക്ഷയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 24 മണിക്കൂറിനകം സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലേക്കും സ്പീക്കറുടെ ഡയസിനു മുമ്പിലേക്കും എത്തിയതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇടക്ക് സഭ നിര്‍ത്തിവെച്ചെങ്കിലും വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിന് പിന്നാലെ നടപടി പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Top