പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ കേസ് എടുത്തത്.

കേസില്‍ കക്ഷി ചേരാന്‍ സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത്ത് നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ് കുറ്റകരമായ പങ്കാളിത്തമുണ്ടെന്നും നഗരസഭാ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് സ്ഥിതി വഷളാക്കിയതെന്നും സഹോദരന്‍ ശ്രീജിത്ത് പാറയില്‍ ആരോപിച്ചിരുന്നു.

കണ്‍വെഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് ജൂണ്‍ 18 നാണ് സാജന്‍ ആത്മഹത്യ ചെയ്തത്. കക്ഷി ചേരാന്‍ സാജന്റെ ഭാര്യയ്ക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എറണാകുളത്ത് എത്താന്‍ കഴിയില്ല. അതുകൊണ്ടാണ് ഏക സഹോദരനായ താന്‍ അപേക്ഷ നല്‍കുന്നതെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു.

ആന്തൂര്‍ സംഭവത്തില്‍ നഗരസഭയുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും ആര്‍ക്കിടെക്ടിന്റെയും കെട്ടിടമുടമയുടെയും വീഴ്ചയാണ് ലൈസന്‍സ് നിഷേധിക്കാന്‍ കാരണമെന്നും തദ്ദേശ ഭരണ വകുപ്പ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Top