പ്രവാസി വ്യവസായിയുടെ ആത്മഹത്യ ; പി.കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം : പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. സാജന്റെ ആത്മഹത്യയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവത്തില്‍ ആരേയും കുറ്റവാളിയായി കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ല. പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് വന്ന് കഴിഞ്ഞാല്‍ പറഞ്ഞതെല്ലാം പ്രതിപക്ഷത്തിന് തിരുത്തേണ്ടി വരുമെന്നും പ്രതിപക്ഷം പറഞ്ഞത് കൊണ്ട് ഒരാള്‍ കുറ്റവാളിയാകില്ലെന്നും മന്ത്രി വ്യക്തമാക്കി. പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ ഈ സര്‍ക്കാര്‍ നടപടി എടുക്കുകയുള്ളൂ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്റേയും ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചത് കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ലെന്നും പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Top