പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കി നഗരസഭ

ആന്തൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കി നഗരസഭ. പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനായി സാജന്‍ പാറയിലിന്റെ കുടുംബം നഗരസഭയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നു. നഗരസഭ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാന്‍ ആണ് സമര്‍പ്പിച്ചത്. ഇതനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം ഉണ്ടായത്.

തുറസായ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നും സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ കുടുംബം പറഞ്ഞിരുന്നു. ഇതനുസരിച്ച് വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ ആറ് മാസത്തെ കാലതാമസവും നഗരസഭ അനുവദിച്ചിട്ടുണ്ട്.

നഗരസഭ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തണമെന്നും ചട്ടലംഘനം പരിഹരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അസിസ്റ്റന്റ് ചീഫ് ടൗണ്‍ പ്ലാനറുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

നാലു പിഴവുകളാണ് ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇതില്‍ മൂന്നു പോരായ്മകള്‍ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് കണ്‍വെന്‍ഷന്‍ സെന്റിന് പുറത്ത് തുറസ്സായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചതാണ്. ഇക്കാര്യത്തില്‍ ഇളവ് തേടിക്കൊണ്ട് മന്ത്രി എസി മൊയ്ദീന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പിഴവുകള്‍ പരിഹരിച്ചു എന്നു കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നത്.

ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവദങ്ങള്‍ക്കൊടുവിലാണ് കെട്ടിടത്തിന് അധികൃതര്‍ അനുമതി നല്‍കിയത്.

Top