കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് കൊറോണ രോഗണു ശക്തമാകുന്നതെന്ന് കണ്ടെത്തല്‍

കൊറോണ വൈറസിനെതിരെ പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് കൊറോണ രോഗാണു ശക്തമാകുന്നതെന്നും ഭൂമിയുടെ തെക്കന്‍ അര്‍ദ്ധഗോളത്തിലാണ് ഇനി രോഗം പൊട്ടിപുറപ്പെടാന്‍ സാദ്ധ്യതയുള്ളതെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആന്തണി ഫൗച്ചി.

ഇക്കാരണം കൊണ്ടുതന്നെ ഭൂമിയുടെ ഈ ഭാഗത്തുള്ള രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യത വളരെ കൂടുതലാണെന്നും എത്രയും പെട്ടെന്ന് രോഗത്തെ തടുക്കുന്നതിനായി വാക്‌സിന്‍ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഒഫ് ഹെല്‍ത്തില്‍ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നയിക്കുന്ന ശാസ്ത്രജ്ഞനാണ് ആന്തണി ഫൗച്ചി.

‘ഭൂമിയുടെ തെക്കന്‍ അര്‍ദ്ധഗോളത്തിലുള്ള രാജ്യങ്ങള്‍ ശൈത്യകാലത്തിലേക്ക് കടക്കുകയാണ് ഇപ്പോള്‍. ഇവിടങ്ങളില്‍ രോഗം അതിന്റെ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങുന്നത് നാം കാണുന്നുണ്ട്. ഇവിടെയുള്ള രാജ്യങ്ങളില്‍ രോഗം രൂക്ഷമാകുകയാണെങ്കില്‍ അതിനെ ചെറുക്കാന്‍ കാര്യമായ ബുദ്ധിമുട്ടനുഭവപ്പെടും. അതുകൊണ്ട്, ഈ സൈക്കിള്‍ ആരംഭിക്കും മുന്‍പുതന്നെ നമ്മള്‍, കൊറോണ രോഗത്തിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയും അധികം താമസിയാതെ അത് പരീക്ഷിക്കുകയും ചെയ്യണമെന്ന്’ ഫൗച്ചി പറയുന്നു.

കൊറോണ വൈറസിനെതിരെ നിലവില്‍ അമേരിക്കയിലും ചൈനയിലും മാത്രമാണ് വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തതായി അറിയാന്‍ കഴിയുന്നത്. ഇവ ശാസ്ത്രജ്ഞര്‍ മനുഷ്യനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇവ വ്യാപകമായി നിര്‍മ്മിച്ചെടുക്കാനും രോഗം പിടികൂടുന്നതിനെതിരെ പ്രയോഗിക്കാനും ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കണമെന്നാണ് കരുതപ്പെടുന്നത്.

തണുപ്പുകാലത്താണ് രോഗം പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യത കൂടുതല്‍ എന്ന് അടുത്തിടെ പരാമര്‍ശമുണ്ടായിരുന്നു. മനുഷ്യന്റെ ശ്വസന വായുവിലുള്ള ഈര്‍പ്പം കൂടുതല്‍ നേരം തങ്ങി നില്‍ക്കുക തണുപ്പുകാലത്താണ്. കൂടാതെ മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശൈത്യകാലത്ത് താഴ്ന്ന നിലയിലുമായിരിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് തണുപ്പുകാലത്ത് രോഗം പടരാനുള്ള സാദ്ധ്യതയേറുന്നത് എന്നാണ് വിലയിരുത്തല്‍.

Top