ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത കേസില്‍ തുടര്‍നടപടി നിയമോപദേശത്തിന് ശേഷം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസില്‍ നടത്തിയ റെയ്ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പൊലീസ് നിയമോപദേശം തേടും. അതിന് ശേഷമാവും കേസിലെ പ്രതിയായ ശിവരഞ്ജിത്തിനെതിരെ കേസെടുക്കുക.

സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി വ്യാജരേഖ ചമച്ചതിന് കേസെടുക്കാന്‍ തീരുമാനിച്ചത്.

വിഷയത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടുന്നത്.സര്‍വകലാശാലയുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ പൊലീസിന് ഇതില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സാധിക്കുമോ എന്നാണ് പ്രധാനമായും പരിശോധിക്കുക. മാത്രമല്ല വിഷയത്തില്‍ സര്‍വകലാശാല പരാതി നല്‍കിയതിന് ശേഷം മാത്രം കേസെടുത്താല്‍ മതിയോ എന്നും നിയമോപദേശം തേടും.

വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വേറൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര് ചെയ്യേണ്ടിവരുന്നത് നിലവിലെ അന്വേഷണത്തെ ബാധിക്കും. ഇത് കണക്കിലെടുത്താണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്

Top