ഉത്തര പേപ്പര്‍ കാണാതായ സംഭവം; പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഉത്തര പേപ്പര്‍ എടുത്ത് മാറ്റിയത് ജീവനക്കാരനാണ്. സംസ്‌കൃത വിഭാഗം മേധാവിയെ കുടുക്കാനാണ് ഉത്തരപേപ്പര്‍ മോഷ്ടിച്ചതെന്നാണ് സൂചന. ഗൂഢാലോചനയില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ളവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, നുണ പരിശോധനയ്ക്ക് തയാറല്ലായെന്ന് നാലു പേരും അറിയിച്ചിരുന്നു. കോടതിയില്‍ ഇവരുടെ നുണ പരിശോധനയ്ക്കായുള്ള നടപടി ക്രമങ്ങള്‍ക്ക് നോട്ടീസ് സമര്‍പ്പിക്കാന്‍ തയാറെടുക്കുമ്പോഴായിരുന്നു കേസില്‍ വഴിത്തിരിവുണ്ടായത്. ഇന്നലെ വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് ലഭിച്ച വിവരം.

എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് ഈ ഉത്തരക്കടലാസുകള്‍ എടുത്ത് മാറ്റിയതെന്നതിനെ കുറിച്ചുള്ള വിവരം നല്‍കാന്‍ പ്രതി തയാറായിട്ടില്ല. ഇയാളെ ഇത് വരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല, എന്നാല്‍ പൊലീസ് നിരീക്ഷണത്തിലാണ്.

ഈ വിഷയത്തില്‍ ഒരു ഗൂഢാലോചന നടന്നിട്ട് ഉണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

 

Top