ബാഴ്‌സ വിടില്ല; അഭ്യൂഹങ്ങള്‍ തള്ളി അന്‍സു ഫാറ്റി

ബാഴ്‌സലോണ: സ്‌പാനിഷ് ക്ലബ് ബാഴ്സലോണ വിട്ടുപോകില്ലെന്ന് യുവതാരം അൻസു ഫാറ്റി. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബർട്ട് ലെവൻഡോവ്സ്‌കിയുടെ വരവോടെ അവസരം കുറഞ്ഞതിനാൽ അൻസു ഫാറ്റി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫാറ്റി നിലപാട് വ്യക്തമാക്കിയത്. ‘2027 വരെ ബാഴ്സലോണയുമായി കരാറുണ്ട്. അതുവരെ ബാഴ്സലോണയിൽ തന്നെ തുടരും. തന്റെ വളർച്ചയിൽ നിർ‍ണായക പങ്കുവഹിച്ചത് ബാഴ്‌സലോണയാണ്. ഇതുകൊണ്ടുതന്നെ ബാഴ്‌സലോണയോട് താൻ പ്രതിജ്ഞാബദ്ധനാണെന്നും’ അൻസു ഫാറ്റി കൂട്ടിച്ചേര്‍ത്തു.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ലാ ലീഗ കിരീടം വീണ്ടെടുക്കാനുളള കുതിപ്പിലാണ് ബാഴ്സലോണ. തൊട്ടതെല്ലാം പിഴച്ച നാളുകളിൽ നിന്ന് കരകയറിയ ബാഴ്സലോണ 2022-23 സീസണില്‍ സ്വപ്നതുല്യ കുതിപ്പിലാണ്. മുന്നേറ്റനിരയ്ക്കൊപ്പം പ്രതിരോധവും ശക്തിപ്പെടുത്തിയാണ് ബാഴ്സലോണ കിരീടത്തിലേക്ക് കൈനീട്ടുന്നത്. 22 കളി പൂർത്തിയായപ്പോൾ ഒറ്റത്തോൽവി മാത്രമുള്ള ടീമിന് പത്തൊൻപതിലും ജയിക്കാനായി. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

ഇതുവരെ കളിച്ച 22 കളിയിൽ പതിനേഴിലും ബാഴ്‌സ ഗോൾ വഴങ്ങിയിട്ടില്ല. എതിരാളികളുടെ വലയിൽ 45 തവണ പന്തെത്തിച്ചപ്പോൾ ബാഴ്സ വഴങ്ങിയത് വെറും ഏഴ് ഗോൾ മാത്രം. കോച്ച് സാവിയുടെ തന്ത്രങ്ങളെല്ലാം നടപ്പാക്കുന്ന താരനിരയാണ് ബാഴ്സയുടെ കരുത്ത്. യൂൾസ് കൂണ്ടെ, ആന്ദ്രേസ് ക്രിസ്റ്റ്യൻസൺ, എറിക് ഗാർസ്യ, അലയാന്ദ്രോ ബാൾഡേ, ജോർഡി ആൽബ, റൊണാൾഡ് അറൗഹോ എന്നിവർ പ്രതിരോധത്തിൽ. കളിമെനഞ്ഞ് ഗാവി-പെഡ്രി-ഡിയോംഗ് ത്രയം കളംവാഴുന്നു. മുൻനിരയിൽ റോബർട്ട് ലെവൻഡോവ്സ്‌കിയുടെ ഉന്നം പിഴയ്ക്കാത്ത ബൂട്ടുകളും സീസണില്‍ ബാഴ്‌സയ്ക്ക് കരുത്തായി. ലാ ലീഗയിൽ 15 ഗോളുമായി ടോപ് സ്കോറർമാരുടെ പട്ടികയിലാണ് ലെവൻഡോവ്സ്‌കി.

യൂറോപ്പ ലീഗിൽ വ്യാഴാഴ്‌ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം. ആദ്യപാദത്തിൽ ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു.

Top