ആര്യന്‍ കേസില്‍ വന്‍ ട്വിസ്റ്റ്; ബിജെപിയെ കരുവാക്കി ഷാറൂഖിനെ കുടുക്കാന്‍ പദ്ധതിയെന്ന് !

മുംബൈ: ബോളിവുഡ് കിങ് ഖാന്‍ ഷാറുഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസില്‍ വീണ്ടും ട്വിസ്റ്റ്. കേസില്‍ തെറ്റായ വാദഗതികള്‍ കെട്ടിച്ചമയ്ക്കപ്പെടുകയാണെന്ന് മുംബൈയിലെ ബിജെപി നേതാവ് മോഹിത് കാംബോജ് ആരോപിച്ചു. ഷാറുഖില്‍ നിന്നു കേസിന്റെ പേരില്‍ പണം തട്ടാന്‍ മഹാരാഷ്ട്ര മന്ത്രിമാരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാകാമെന്നും എന്‍സിപി നേതാവ് കേസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ കണ്ണിയാണെന്നും അദ്ദേഹം ആരോപിച്ചു.

‘മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ വിശ്വസ്തന്‍ എന്ന് ആവകാശപ്പെടുന്ന എന്‍സിപി നേതാവ് സുനില്‍ പാട്ടീലാണ് കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കു പിന്നില്‍. ഒക്ടോബര്‍ ഒന്നിനു സാം ഡിസൂസയ്ക്കു സുനില്‍ പാട്ടീല്‍ വാട്സാപ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍, നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കും എന്ന് ഉറപ്പുള്ള 27 പേരുടെ വിശദ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ട്. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ (എന്‍സിബി) ഏതെങ്കിലും ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാന്‍ സഹായിക്കണം എന്നു ഡിസൂസ, പാട്ടീലിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്‍സിബിയിലെ ഉദ്യോഗസ്ഥന്‍ വി.വി.സിങ്ങിനെ ബന്ധപ്പെട്ട ഡിസൂസ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയെക്കുറിച്ച് വിവരം നല്‍കി. എന്‍സിബിയുടെ നീക്കങ്ങള്‍ ഏകോപിപിക്കാന്‍ കിരണ്‍ ഗോസാവി എന്നയാളെ ചുമതലപ്പെടുത്താന്‍ ഡിസൂസയോടു പാട്ടീല്‍ ആവശ്യപ്പെട്ടെന്നും കാംബോജ് പറഞ്ഞു. ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടെ ആര്യന്‍ ഖാനൊപ്പം സാം ഡിസൂസയും അറസ്റ്റിലായിരുന്നു.

ഗോസാവിക്കു സുനില്‍ പാട്ടീലുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളും കാംബോജ് പുറത്തുവിട്ടു. ബിജെപിയെ താറടിച്ചു കാണിക്കാനും ഷാറുഖില്‍നിന്നു പണം തട്ടാനുമാണ് എന്‍സിപി മന്ത്രിമാര്‍ ശ്രമിക്കുന്നത്. മുംബൈയിലെ ലളിത് ഹോട്ടലില്‍ സുനില്‍ പാട്ടീലിന് മാസങ്ങളോളം സ്വീറ്റ് റൂം ഉണ്ടായിരുന്നു. ഈ മുറിയിലാണ് എന്‍സിപി നേതാക്കള്‍ പാട്ടീലിനൊപ്പം പാര്‍ട്ടികള്‍ നടത്തിയിരുന്നത്. മുന്‍ മന്ത്രി അനില്‍ ദേശ്മുഖിന്റെ മകന്‍ ഹൃതികേശ് ദേശ്മുഖ്, പാട്ടീലിനൊപ്പം ഹോട്ടലില്‍ കഴിഞ്ഞിരുന്നു- കാംബോജ് വ്യക്തമാക്കി.

ചിങ്കു പഠാന്‍ എന്നയാള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗെസ്റ്റ് ഹൗസില്‍ അനില്‍ ദേശ്മുഖുമായി നടത്തിയതെന്ന് ആവകാശപ്പെടുന്ന ‘കൂടിക്കാഴ്ചയുടെ’ ചിത്രവും കാംബോജ് പുറത്തുവിട്ടു. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം എന്നു കരുതപ്പെടുന്ന പഠാനെ കഴിഞ്ഞ ജനുവരിയില്‍ അനധികൃത ലഹരി ഉല്‍പന്നങ്ങളും ആയുധങ്ങളുമായി എന്‍സിബി കസ്റ്റഡിയില്‍ എടുത്തിരുന്നു. പഠാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മറ്റൊരു എന്‍സിപി മന്ത്രിയുടെ മരുമകനും പങ്കെടുത്തിരുന്നെന്നും കാംബോജ് ആരോപിച്ചു.

സുനില്‍ പാട്ടീലും ലഹരി മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍സിപിതന്നെ വ്യക്തത വരുത്തണം. നവാബ് മാലിക്കിന്റെ പേരെടുത്തു പറഞ്ഞ കാംബോജ്, ലളിത് ഹോട്ടലില്‍ അദ്ദേഹം പാട്ടീലിനോപ്പം എന്തു ചെയ്യുകയായിരുന്നെന്നും ചോദിച്ചു. മാധ്യമ സമ്മേളനം നടത്തിയശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീര്‍ വാങ്കഡെയുടെ സ്വകാര്യ സേനയിലെ അംഗമാണു കാംബോജെന്നും കേസ് അന്വേഷിക്കുന്ന പുതിയ സംഘം സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും നവാബ് മാലിക് പ്രതികരിച്ചു.

അതേസമയം, കേസ് വഴിതിരിച്ചു വിടാനുള്ള പാഴ്ശ്രമങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തുന്നതെന്നും കേസുമായി ബന്ധപ്പെട്ട ‘സത്യങ്ങള്‍’ താന്‍ നാളെ വെളിപ്പെടുത്തുമെന്നും എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക് പ്രതികരിച്ചു. മൂന്നാഴ്ചയില്‍ അധികം ജയിലില്‍ കഴിഞ്ഞതിനു ശേഷമാണു ഡിസൂസയ്ക്കു ജാമ്യം ലഭിച്ചത്. കേസില്‍ എന്‍സിബി സാക്ഷിയായ കിരണ്‍ ഗോസാവി, ആര്യനെ വിട്ടുകിട്ടുന്നതിനായി ഷാറുഖ് ഖാന്റെ മാനേജര്‍ പൂജ ദാദ്ലാനിയില്‍നിന്ന് 50 ലക്ഷം രൂപ കൈപ്പറ്റിയതായി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാം ഡിസൂസ ആരോപിച്ചിരുന്നു.

Top