മുഖ്യമന്ത്രിക്കെതിരെ പറയാന്‍ സ്വപ്നയെ നിര്‍ബന്ധിച്ച് വീണ്ടുമൊരു മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനോട് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് മറ്റൊരു പൊലീസുദ്യോഗസ്ഥയുടെ മൊഴി. ശിവശങ്കറിന് മുഖ്യമന്ത്രി പണം നല്‍കിയെന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചെന്നാണ് സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന കസ്റ്റംസിന്റെ സത്യവാങ്മൂലം ഏറെ വിവാദമാകുകയും ഇതിനെതിരെ സിപിഎം തന്നെ നിയമനടപടികളിലേക്ക് പോകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സ്വപ്ന സുരേഷിനെക്കൊണ്ട് പല മൊഴികളും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പറയിപ്പിച്ചതെന്ന പൊലീസുദ്യോഗസ്ഥരുടെ മൊഴികള്‍ പുറത്തുവരുന്നത്.

ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് പറയണമെന്ന് സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാണ് റെജിമോളുടെ മൊഴി. ഈ പണം ശിവശങ്കറിന് മുഖ്യമന്ത്രി നല്‍കിയതാണെന്ന് പറയണം. അങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയോട് സമ്മര്‍ദ്ദം ചെലുത്തുന്നത് താന്‍ കേട്ടു. മൊഴി രേഖപ്പെടുത്തിയ ശേഷം അത് വായിച്ചുനോക്കാന്‍ പോലും അനുവദിച്ചില്ല എന്ന് സ്വപ്ന തന്നോട് പറഞ്ഞു. പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാകാമെന്നും റെജിമോളുടെ മൊഴിയിലുണ്ട്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിനാണ് റെജിമോള്‍ മൊഴി നല്‍കിയിരിക്കുന്നത്.

 

Top