ബെംഗളൂരുവിനെ ഞെട്ടിച്ച് ദുരൂഹശബ്ദം; ഭൂചലനവും, സ്‌ഫോടനവുമല്ല ! ആശങ്കയില്‍ ജനങ്ങള്‍

ബെംഗളൂരു: കര്‍ണാടകയില്‍ ബെംഗളൂരുവിനു സമീപം വീണ്ടും ഉഗ്രശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. രാവിലെ 11.50നും 12.15നും ഇടയിലാണ് ശബ്ദം കേട്ടതെന്നാണ് വിവരം. ശബ്ദത്തിന്റെ ഉറവിടം ഏതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ബെംഗളൂരുവിലെ ബിഡദി അടക്കമുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ രാവിലെ നഗരത്തില്‍ വലിയ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്വാറികളുടെ കേന്ദ്രമാണ് ബിഡദി.

ഇതാദ്യമല്ല ബെംഗളുരുവില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മേയിലും ഈ വര്‍ഷം ജൂലൈയിലും ഇത്തരത്തില്‍ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമീപ പ്രദേശങ്ങളില്‍ സ്‌ഫോടനം ഒന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സ്‌ഫോടനം പോലുള്ള ശബ്ദമോ ഭൂചലനമോ നിരീക്ഷണ ഉപകരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗര്‍, കഗ്ഗലിപുര എന്നീ പ്രദേശങ്ങളിലുള്ളവരാണ് ദുരൂഹശബ്ദം റിപ്പോര്‍ട്ട് ചെയ്തതെന്നും ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top