യുഎസില്‍ വീണ്ടും വെടിവെപ്പ്; നെവാഡ സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാലയില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. എന്നാല്‍ അക്രമി പൊലീസ് വെടിവെപ്പിലാണോ അതോ ആത്മഹത്യ ചെയ്തതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

സര്‍വകലാശാലയുടെ പ്രധാന കാമ്പസില്‍ ബുധനാഴ്ചയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിനെ തുടര്‍ന്ന് സര്‍വകലാശാല പൊലീസ് ഒഴിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നെവാഡ സര്‍വകലാശാലയും മറ്റ് തെക്കന്‍ നെവാഡ സ്ഥാപനങ്ങളും അടിച്ചിട്ടു. സ്ഥാപനത്തിന് സമീപമുള്ള ഒന്നിലധികം റോഡുകളും മുന്‍കരുതലെന്ന നിലയില്‍ പോലീസ് അടച്ചു.

സംഭവത്തിന് പിന്നാലെ സര്‍വകലാശാല പൊലീസ് ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബാക്ക്പാക്കുകളുമായി നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് കാമ്പസിനു പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലാസ് വെഗാസ് സ്ട്രിപ്പില്‍ നിന്ന് രണ്ട് മൈലില്‍ താഴെ കിഴക്കായി സ്ഥിതി ചെയ്യുന്ന കാമ്പസില്‍ ഏകദേശം 25,000 ബിരുദ വിദ്യാര്‍ഥികളും 8,000 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ഡോക്ടറല്‍ വിദ്യാര്‍ഥികളുമുണ്ടെന്നാണ് കണക്ക്.

Top