ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ഏഴ് വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പരയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യയുടെ പോയന്‍റ് വെട്ടിക്കുറച്ചു. രണ്ട് പോയന്‍റാണ് വെട്ടിക്കുറച്ചത്. പോയന്‍റ് വെട്ടിക്കുറച്ചതിന് പുറമെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തുകയും ചെയ്തു.

എഡ്ജ്ബാസ്റ്റണില്‍ തോറ്റെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ഇന്ത്യ നാലാം മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രണ്ട് പോയന്‍റ് കൂടി നഷ്ടമായതോടെ ഇന്ത്യ പാക്കിസ്ഥാന് പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീണു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കിപ്പോള്‍ 75 പോയന്‍റാണുള്ളത്.(പോയന്‍റ് ശതമാനം 52.38).

ഐസിസി പെരമാറ്റചട്ടം അനുസരിച്ച് നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വെച്ചാണ് പിഴ ചുമത്തുക. അതുപോലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്ലേയിംഗ് കണ്ടീഷന്‍ പ്രകാരം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും ഓരോ പോയന്‍റ് വീതവും കുറക്കും.

നിശ്ചിത സമയത്ത് രണ്ട് ഓവര്‍ കുറച്ച് എറിഞ്ഞതിനാലാണ് ഇന്ത്യക്ക് 40 ശതമാനം പിഴയും രണ്ട് പോയന്‍റും നഷ്ടമായത്. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം നാലാം ഇന്നിംഗ്സില്‍ ജോ റൂട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും അപരാജിത സെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ട് അനായാസം മറികടന്നത്. ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്.

Top