മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്;ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്

ലോക്‌സഭാംഗത്വം റദാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്. ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചത്. ഈ മാസം 16നകം ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിന് മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. രണ്ടാം തവണയാണ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് അയക്കുന്നത്. ആദ്യ നോട്ടീസിനെതിരായ മഹുവയുടെ ഹര്‍ജി ഡല്‍ഹി കോടതി തള്ളിയിരുന്നു. ലോക്‌സഭാംഗത്വം റദ്ദായി ഒരു മാസം കഴിഞ്ഞിട്ടും മഹുവ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ എത്തിക്സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു. എത്തിക്സ് കമ്മിറ്റിയ്ക്ക് മുന്നില്‍ നിന്നുള്ള നാടകീയമായ ഇറങ്ങിപ്പോകലിന് ശേഷം ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താന്‍ നേരിട്ട കാര്യങ്ങള്‍ മഹുവ വിശദീകരിച്ചത്.

മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ നിന്ന് പ്രതിപക്ഷം പങ്കെടുത്തില്ല. മഹുവയ്ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണം.എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും തന്റെ മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചില്ലെന്നും മഹുവ പറയുന്നു. രാത്രി വൈകി നിങ്ങള്‍ ആരോടാണ് സംസാരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

അടുത്ത 24 മണിക്കൂറിലെ അര്‍ദ്ധരാത്രിയിലെ ഫോണ്‍കാളുകളുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് തരാന്‍ സാധിക്കുമോ എന്നവര്‍ ചോദിച്ചു. അതിന് സമ്മതമല്ലെങ്കില്‍ പറ്റില്ല എന്ന് പറയാമെന്നും അവര്‍ പറഞ്ഞു. നിങ്ങളൊരു വേശ്യയാണോ എന്ന് ചോദിക്കുകയും അപ്പോള്‍ ഞാന്‍ അല്ല എന്ന് പറയുകയും ചെയ്താല്‍ അതില്‍ ഒരു പ്രശ്നവുമില്ല, ആ ചോദ്യം കൊണ്ടുള്ള പ്രശ്നം അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതിക്കോളണം എന്നാണോ നിങ്ങള്‍ വിചാരിക്കുന്നതെന്ന് മഹുവ ഒരു മറുചോദ്യം ചോദിച്ചു. ബിജെപി അംഗങ്ങള്‍ ആ സമയത്ത് നിശബ്ദരായിരുന്നെന്നും തങ്ങള്‍ ഇതിന്റെ ഭാഗമാകില്ലെന്ന് ആ സമയത്ത് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കിയെന്നും മഹുവ പറയുന്നു.ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ഡിസംബര്‍ എട്ടിന് മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്.

Top