മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം; ഒരുദിവസം കൊണ്ട് മരിച്ചത് 24 രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. മരുന്നുകളുടേയും ആശുപത്രി ജീവനക്കാരുടേയും അഭാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 മുതിര്‍ന്ന രോഗികളും, 12 കുട്ടികളുമാണ് മരിച്ചത്. മുതിര്‍ന്നവരില്‍ നാല് പേര്‍ക്ക് ഹൃദ്രോഗം, ഒരാള്‍ വിഷബാധ, ഒരാള്‍ ഉദരരോഗം, രണ്ട് വൃക്കരോഗികള്‍, ഒരാള്‍ പ്രസവസംബന്ധമായും,അപകടത്തില്‍പ്പെട്ട മൂന്ന് പേരേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഹാരാഷ്ട്രയില്‍ രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ കൂട്ടമരണമാണ് നടക്കുന്നത്. താനെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ ഓഗസ്റ്റില്‍ 24 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ മരിച്ചിരുന്നു. അതില്‍ 12 പേര്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജീവനക്കാരുടെ കുറവുണ്ടെന്നാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്. ”70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവിലെ ഏക ആശുപത്രിയാണ് ഇത്. വളരെ ദൂരെ നിന്നും രോഗികള്‍ എത്താറുണ്ട്. ചില ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാറുണ്ട്. അത്രയും ആളുകളെ പരിചരിക്കാനുള്ള ശേഷി ആശുപത്രിക്കില്ല എന്ന് സൂപ്രണ്ട് വ്യക്തമാക്കി.

എന്നാല്‍ മരുന്നിനും ഫണ്ടിനും ക്ഷാമമില്ലെന്നാണ് ആശുപത്രിയിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ആശുപത്രിയില്‍ അവശ്യ മരുന്നുകള്‍ ലഭ്യമാണ്, 12 കോടി ഫണ്ടുണ്ട്, ഈ സാമ്പത്തിക വര്‍ഷത്തേക്ക് 4 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. മറ്റ് രോഗികളെ ആവശ്യാനുസരണം ചികിത്സിക്കുന്നുവെന്നാണ് പത്രക്കുറിപ്പില്‍ ഉള്ളത്.

Top