അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിന്റെ മരണം. വീട്ടിയൂര്‍ ആദിവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. ഈ വര്‍ഷം ഇത് വരെ 10 കുട്ടികള്‍ മരിച്ചുവെന്നാണ് കണക്ക്.

നിരന്തരം ആവര്‍ത്തിക്കുന്ന സംഭവങ്ങളായി അട്ടപാടിയിലെ ശിശുമരണം മാറുകയാണ്. അട്ടപാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ് സംഭവം വിരല്‍ചൂണ്ടുന്നത്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ആദിവാസി ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ട് കിട്ടാത്തതിന്റെ പ്രശ്‌നമായിരുന്നുവെന്നും ഇപ്പോള്‍ ഫണ്ട് വന്നിട്ടുണ്ടെന്നുമാണ്. ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് പി ഒ പറയുന്നത്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരത്തിന് പണം നല്‍കുന്നതാണ് ജനനി ജന്മ രക്ഷാ പദ്ധതി. പദ്ധതിക്കുള്ള പണം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നടപടി തുടങ്ങിയെന്ന് സുരേഷ് പറയുന്നു.

 

Top