300 കിലോമീറ്റര്‍ റേഞ്ച്; ടാറ്റയില്‍ നിന്ന് മറ്റൊരു ഇലക്ട്രിക് കാര്‍ വരുന്നു

രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണി ഒട്ടുമുക്കാലും കയ്യടക്കിവെച്ചിരിക്കുന്നത് ടാറ്റ തന്നെയാണ്. ഇപ്പോഴിതാ ടാറ്റയില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത വരുന്നു. പഞ്ച് ഇലക്ട്രിക് വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഒക്ടോബറുടെ കാര്‍ വിപണയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വാര്‍ത്തകള്‍.

ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി പ്രൈം, നെക്‌സോണ്‍ ഇവി മാക്‌സ് എന്നിവയാണ് ടാറ്റ നിലവില്‍ വില്‍ക്കുന്ന ഇവി കാറുകള്‍. കമ്പനിയില്‍ നിന്നുള്ള അഞ്ചാമത്തെ ഓള്‍-ഇലക്ട്രിക് കാറായിരിക്കും പഞ്ച് ഇവി. 2021-ല്‍ പെട്രോള്‍ പഞ്ച് അരങ്ങേറ്റം കുറിച്ചതു മുതല്‍ പഞ്ച് ഇവിക്ക് വേണ്ടിയുള്ള കാത്തിരിപ്പുണ്ട്. കാറിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ടാറ്റയുടെ ഇലക്ട്രിക് മോഡല്‍ നിരയില്‍ നെക്‌സോണിനും ടിയാഗോക്കും ഇടയിലായിരിക്കും പഞ്ച് ഇവിയുടെ സ്ഥാനം.

ടിയാഗോ, ടിഗോര്‍, നെക്സോണ്‍ ഇവികളിലുള്ള സിപ്‌ട്രോണ്‍ പവര്‍ട്രെയിന്‍, പഞ്ച് ഇവിയിലും അവതരിപ്പിക്കും. ബമ്പറില്‍ ചാര്‍ജിംഗ് സോക്കറ്റുമായി വരുന്ന ആദ്യത്തെ ടാറ്റ ഇവിയായിരിക്കും പഞ്ച് ഇവി എന്നാണ് റിപ്പോര്‍ട്ട്. മറ്റ് ഇവികളെപ്പോലെ പഞ്ച് ഇവിയും വലിപ്പത്തിലുള്ള ബാറ്ററിയും ഒന്നിലധികം ചാര്‍ജിംഗ് ഓപ്ഷനുകളും നല്‍കിയേക്കും. കൂടാതെ ടിയാഗോയ്ക്ക് സമാനമായ എയറോഡൈനാമിക് രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും ഉള്‍പ്പെടും. റേഞ്ച് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ നല്‍കിയേക്കുമെന്നും വാര്‍ത്തകളുണ്ട്.പഞ്ച് ഇവിയുടെ മത്സരം സിട്രണ്‍ ഇസിത്രിയുമായായിരിക്കും. 12.49 ലക്ഷം മുതല്‍ 13.75 ലക്ഷം വരെയായായിരിക്കും വാഹനത്തിന്റെ എക്സ്ഷോറും വില. വാഹനത്തെകുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ടാറ്റ പുറത്തുവിടും.

Top