സൈനികരെ അധിക്ഷേപിച്ചു; വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി

യൂട്യൂബിലുടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. യൂട്യൂബിലെ വീഡിയോ സഹിതമാണ് തിരുവനന്തപുരത്തെ ഒരു സൈനിക സംഘടന പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി കൈമാറിയിരിക്കുന്നത്. അതിര്‍ത്തിയില്‍ കഴിയുന്നതിനാല്‍ തന്നെ സൈനികര്‍ക്ക് സ്ത്രീകളുടെ സാമീപ്യം ഇല്ലെന്നും ഇവര്‍ പലതരത്തിലുളള വൈകൃതങ്ങള്‍ക്ക് അടിമകളാണെന്നുമായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം.

അതേസമയം വിജയ് പി നായരെ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പത്തുമണിയോടെ ഇയാള്‍ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്ജ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂടൂബ് ചാനല്‍ പൂട്ടി. കൈയേറ്റ പരാതിയില്‍ പൊലീസ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മൊഴിയെടുത്തു. കേരള പൊലീസ് ആക്റ്റിലെ വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്റ്റ് 67, 67എ വകുപ്പുകള്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്.

Top