കാക്കനാട്ടെ ഹോട്ടല്‍ ലെ ഹയാത്തിനെതിരെ വീണ്ടും പരാതി; ആകെ പരാതികളുടെ എണ്ണം മൂന്നായി

കൊച്ചി: കാക്കനാട്ടെ ഹോട്ടല്‍ ലെ ഹയാത്തിനെതിരെ വീണ്ടും പരാതി. ഇതോടെ ഭക്ഷ്യവിഷബാധയില്‍ ആകെ പരാതികളുടെ എണ്ണം മൂന്നായി. കോട്ടയം സ്വദേശിനി വാഴക്കാലയില്‍ താമസിക്കുന്ന ലിമ ബാബുവാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഭക്ഷ്യവിഷബാധ സംഭവത്തില്‍ ലെ ഹയാത്ത് ഹോട്ടല്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുല്‍ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടല്‍ ലൈസന്‍സി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിര്‍ദ്ദേശം നല്‍കി. ഹോട്ടലില്‍ നിന്ന് ഷവര്‍മയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.

ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഒക്ടോബര്‍ 25 നാണ് മരണപ്പെട്ടത്. കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായരെന്ന 24 കാരന്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുല്‍ കഴിഞ്ഞ ആഴ്ച ഷവര്‍മ പാഴ്‌സലായി വാങ്ങി കഴിച്ചത്. ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയ രാഹുലെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ബുധനാഴ്ചയോടെ രാഹുല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top