ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം; ശക്തമായ മണ്ണിടിച്ചലില്‍ ദേശീയ പാത 21 ഗതാഗതം തടസപ്പെട്ടു

ഷിംല: ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം. സുബത്തു ജില്ലയില്‍ ബുധനാഴ്ചയാണ് മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയതടക്കം വലിയ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വലിയ തോതില്‍ മഴവെള്ളം പ്രദേശത്തേക്ക് ഒഴുകിയെത്തിയതോടെ വീടുകള്‍ ഒലിച്ചുപോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

സംസ്ഥാനത്തെ മറ്റ് പല റോഡുകളും തകര്‍ന്നു. അതിനിടെ, ബാലഡ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയിലെ പാലം തകര്‍ന്നു. പാലം തകര്‍ന്നതോടെ ബദ്ദിയിലെ വ്യവസായ മേഖലയില്‍ നിന്നും ഹരിയാണ, ചണ്ഡീഗഢ് എന്നീ പ്രദേശങ്ങളിലേക്കുള്ള യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ദേശീയ പാത 21 തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഹിമാചല്‍ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളില്‍ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് അയച്ച കത്തിലാണ് സ്റ്റാലിന്‍ തന്റെ പിന്തുണ അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായം ആവശ്യമായി വന്നാല്‍ അറിയിക്കാന്‍ മടിക്കരുത്. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു’ – സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ കുറിച്ചു. നേരത്തെ രാജസ്ഥാന്‍ ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഹിമാചല്‍ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മഴക്കെടുതിയില്‍ ഇതുവരെ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി വന്‍ നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശകലനം നടത്തുകയാണ്. മണ്‍സൂണ്‍ അവസാനിച്ചാല്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. വൈദ്യുതി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Top