പുല്‍വാമ ആവര്‍ത്തിക്കാന്‍ സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കയും പാക്കിസ്ഥാനും

ശ്രീനഗര്‍: കശ്മീരിനെ ഭീതിയിലാഴ്ത്തി വീണ്ടും പുല്‍വാമയ്ക്ക് സമാനമായ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അമേരിക്കയും പാക്കിസ്ഥാനുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന സൂചന. ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വെയ്ദയാണെന്നും വിവരമുണ്ട്.

മുന്നറിയിപ്പ് കിട്ടിയതോടെ ജമ്മുകശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൈന്യത്തോട് സദാസമയവും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുല്‍വാമ ജില്ലയിലെ അവന്തിപോറയിലാണ് അക്രമണ സാധ്യതയെന്നാണ് ഏറ്റവും ഒടുവിലായി കിട്ടിയ വിവരം.

കഴിഞ്ഞ ദിവസം കശ്മീരിലെ ത്രാല്‍ മേഖലയില്‍ വെച്ച് അല്‍ഖായിദഭീകരനായ സാക്കീര്‍ മൂസയെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇയാളുടെ മരണത്തിന് പകരം ചോദിക്കാനാണ് ആക്രമണം നടത്തുന്നതെന്നാണ് വിവരം.ഹിസ്ബുല്‍ മുജാഹിദീനില്‍ പ്രവര്‍ത്തിച്ചിരുന്ന മൂസ മൂന്ന് കൊല്ലം മുമ്പാണ് അതില്‍ നിന്ന് വിഘടിച്ച് അല്‍ഖായിദയുടെ അന്‍സര്‍ ഖസ്വത്ത് ഉല്‍ ഹിന്ത് എന്ന സംഘടനയുടെ ഭാഗമാവുന്നത്. ഇതിനിടെയാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.

കഴിഞ്ഞ ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 44 സി ആര്‍ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. വയനാട് സ്വദേശിയായ വി വി വസന്ത് കുമാറും ഇവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരവാദി ഇടിച്ചുകയറ്റുകയായിരുന്നു.

Top