പരാതിക്കാരിയെ വക്കീൽ ഓഫീസിൽ വച്ച് മർദ്ദിച്ചു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ വീണ്ടും കേസ്. വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് മർദ്ദിച്ചെന്ന മൊഴിയിലാണ് കേസ്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ ബലാത്സംഗക്കേസിൽ എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകും. തെളിവു ശേഖരണത്തിനായി എൽദോസിനെ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെടും. അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി നൽകും.

നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയാണ് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകിയത്. ആ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുക. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൊച്ചിയിലെത്തി അഭാഷകരുമായി കൂടിക്കാഴ്ച നടത്തി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള തീരുമാനം.

Top