മതവികാരം വ്രണപ്പെടുത്തി; ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും കേസ്

കൊച്ചി:മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും പുതിയ കേസ്. യൂട്യൂബ് ചാനലില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് സ്റ്റേഷന്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്‌ലോഡ് ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ വിശദീകരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍, രഹ്നയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നേരത്തെ മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്‌തെന്ന കേസില്‍ പത്തനംതിട്ട പൊലീസ് രഹനയെ അറസ്റ്റ് ചെയ്തതിരുന്നു. പുതിയ വിഡിയോ ജാമ്യ ഉപാധിയുടെ ലംഘനമാണെന്നും അതുകൊണ്ടു ജാമ്യം റദ്ദാക്കണമെന്നുമാണ് പരാതിക്കാരുടെ വാദം.

ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹ്നയെ കഴിഞ്ഞ ദിവസം നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി പിരിച്ച് വിട്ടിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്‌പെന്‍ഷനിലുമായിരുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹനയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

Top