കാബൂള്‍ വിമാനത്താവളത്തിനു സമീപം വീണ്ടും സ്‌ഫോടനം; റോക്കറ്റാക്രമണമെന്ന് സൂചന

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് സമീപം യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. വിമാനത്താവളത്തില്‍ ഐ.എസ്.കെ ആക്രമണമുണ്ടാവുമെന്ന് നേരത്തെ തന്നെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ചാവേര്‍ സ്‌ഫോടനത്തിനായി ഐ.എസ്.കെ ഭീകരന്‍ തയ്യാറെടുക്കുന്നതിനിടെ അമേരിക്ക തിരിച്ചാക്രമണം നടത്തിയെന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാന്‍ വക്താവും അറിയിച്ചു. യുഎസിന്റെ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്താനെത്തിയ ഐഎസ് ഖൊറസാനെയുടെ ചാവേര്‍ വാഹനത്തെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണമാണെന്നാണ് താലിബാന്‍ വക്താവ് അറിയിച്ചത്.

വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തിനു പിന്നാലെ മറ്റൊരു സ്‌ഫോടനം കൂടി ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് സംഭവം. വ്യാഴാഴ്ച രാത്രി വിമാനത്താവള കവാടത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ അടുത്ത 36 മണിക്കൂറിനുള്ളില്‍ മറ്റൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സൈനിക കമാന്‍ഡര്‍മാര്‍ റിപോര്‍ട് നല്‍കിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.

Top