അന്റാര്‍ട്ടിക്കയില്‍ വീണ്ടും പക്ഷിപ്പനി മരണം;പെന്‍ഗ്വിനുകള്‍ ചത്തതായി റിപ്പോര്‍ട്ട്

ന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് പെന്‍ഗ്വിനുകള്‍ ചത്തതായി റിപ്പോര്‍ട്ട്. കിങ്, ജെന്റൂ എന്നീ പെന്‍ഗ്വിന്‍ ഇനങ്ങള്‍ ചത്തത് പക്ഷിപ്പനി ബാധിതരായിട്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ഫോക്ക്‌ലന്‍ഡ് ദ്വീപിലെ ഒരു ജെന്റൂ പെന്‍ഗ്വിന്റെയെങ്കിലും മരണം പക്ഷിപ്പനി ബാധയേറ്റാണെന്ന് കണ്ടെത്തിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കിങ് പെന്‍ഗ്വിന്റെ മരണം വൈറസ് ബാധിച്ചാണോയെന്നറിയുന്നതിന് വിദഗ്ധ പരിശോധന വേണ്ടിവരും. വിദഗ്ധ പരിശോധനയില്‍ എച്ച്5എന്‍1 വൈറസ് കണ്ടെത്തിയാല്‍ വനപ്രദേശത്ത് കിങ് പെന്‍ഗ്വിന്‍ പക്ഷിപ്പനി ബാധയേറ്റ് ചാകുന്ന ആദ്യത്തെ സംഭവമായി ഇത് മാറും. സൗത്ത് ജോര്‍ജിയ ഐലന്‍ഡിലാണ്‌ കിങ് പെന്‍ഗ്വിനെ ചത്തനിലയില്‍ കണ്ടെത്തിയത്.

മൂന്നടിയോളം നീളം വെയ്ക്കുന്ന കിങ് പെന്‍ഗ്വിനുകള്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ ഇനം കൂടിയാണ്. വനപ്രദേശങ്ങളില്‍ ഇവയ്ക്ക് 20 വര്‍ഷത്തിന് മുകളില്‍ ആയുസ്സുണ്ട്. ബ്രീഡിങ് കാലമായതിനാല്‍ ഒരു പെന്‍ഗ്വിനില്‍ രോഗബാധയേറ്റാല്‍ അത് കോളനിയുടനീളം വ്യാപിക്കുമെന്നാണ് സൂചന. പക്ഷിപ്പനി അന്റാര്‍ട്ടിക്കയിലെത്തിയാല്‍ പെന്‍ഗ്വിന്‍ അടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് ആശങ്കയിലാകുമെന്ന് മുന്‍പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രത്യുത്പാദനം വിജയകരമല്ലാതാകുന്നത് പോലുള്ള സാഹചര്യങ്ങളിലേക്ക് പക്ഷിപ്പനി ജീവജാലങ്ങളെ കൊണ്ടെത്തിക്കുമെന്ന് അന്റാര്‍ട്ടിക് വൈല്‍ഡ്‌ലൈഫ് ഹെല്‍ത്ത് നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന വ്യാപനശേഷിയുള്ള പക്ഷിപ്പനിയുടെ പുതിയ വകഭേദം ആദ്യമായി 2021-ലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ജീവജാലങ്ങളിൽ കനത്ത നാശം വിതയ്ക്കാൻ പുതിയ വകഭേദനത്തിന് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജന്തുജന്യരോഗങ്ങളൊന്നും അധികം ബാധിക്കാത്ത അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ബേഡ് ഐലന്‍ഡിലെ ബ്രൗണ്‍ സ്‌കുവ പക്ഷികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. പക്ഷിപ്പനി വ്യാപകമായ തെക്കന്‍ അമേരിക്കയില്‍ ദേശാടനത്തിന് പോയപ്പോഴാകാം പക്ഷികള്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ബേഡ് ഐലന്‍ഡില്‍ ബ്രൗണ്‍ സ്‌കുവ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പക്ഷികളുടെ സ്രവങ്ങള്‍ യു.കെയില്‍ ലാബുകളിലേക്ക് അയ്ക്കുകയായികുന്നു ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍. ആര്‍ട്ടിക്കില്‍ സമീപകാലത്താണ് ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. അലാസ്‌കയിലെ ഒരു ഹിമക്കരടിയാണ് പക്ഷിപ്പനി വൈറസ് ബാധിച്ച് ചത്തത്. വൈറസ് ബാധിച്ചു ചത്ത പക്ഷിയെ ഭക്ഷിച്ചതാകാം ഹിമക്കരടിയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

Top