തൃണമൂല്‍ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു; ബംഗ്ലാദേശി നടനോട് ഉടന്‍ രാജ്യംവിടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബംഗ്ലാദേശി നടന്‍ ഉടന്‍ രാജ്യം വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗാസി അബ്ദുള്‍ നൂര്‍ എന്ന ബംഗ്ലാദേശി താരത്തോടാണ് രാജ്യംവിടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് തുടര്‍ന്നതിന് അദ്ദേഹത്തിനെതിരെ മറ്റു നടപടികളും ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഡംഡമിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഗത റോയ്ക്കുവേണ്ടിയാണ് ഗാസി അബ്ദുള്‍ നൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

നേരത്തെ ഇതേപോലെ പശ്ചിമ ബംഗാളിലെ റായിഗഞ്ച് മണ്ഡലത്തിലെ ടി.എം.സി. സ്ഥാനാര്‍ഥി കനായി ലാല്‍ അഗര്‍വാളിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച ഫിര്‍ദൗസ് അഹമ്മദ് എന്ന നടനോടും ഉടന്‍ രാജ്യംവിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.

ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടത്. ഗാസി അബ്ദുള്‍ നൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ച് ബിജെപി പരാതി നല്‍കിയിരുന്നു. വിദേശികള്‍ രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നും വിസ നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും ബിജെപി നല്‍കിയ പരാതിയില്‍ പറയുന്നു.

Top